തിങ്കളാഴ്‌ച, മേയ് 26, 2008

സനുമോന്‍

സനുമോന്‍റെ കഥ പറഞ്ഞു കൊണ്ട് ഞാന്‍ തുടങ്ങുന്നു........

എന്‍റെ ഗ്രാമത്തിന് അടുത്തുള്ള ചിരട്ടക്കുന്ന് പ്രദേശത്തെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ് സനുമോന്‍. സ്വന്തം താല്‍പ്പര്യത്താല്‍ എട്ടാം ക്ലാസിലോ മറ്റോ പഠിപ്പ് ഉപേക്ഷിച്ചു. പിന്നീട് പിള്ളേരെല്ലാം സ്ക്കൂളില്‍ (+1,+2, അടിച്ചുപൊളിയായിരിക്കാം ഉദ്ദേശം) 9ല്‍ പഠിക്കാതെ 10എഴുതാന്‍ പോകുന്നുണ്ടായിരുന്നു.എന്നാലും തോന്നിയല്ലോ.......


നായ്ക്കുളത്തുകാട് എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. വൈകുന്നേരങ്ങളില്‍ ആകാശത്തോട്ട് നോക്കിയാല്‍ കാണാം കാക്കകള്‍ വാസസ്ഥാനം ലാക്കാക്കി പറന്നു പോകുന്നത്. ഈ കാക്കകള്‍ പോകുന്നത് നായ്ക്കുളത്തുകാട്ടിലേക്കാണ്. ആ ഗ്രാമത്തിലേയും പരിസരത്തേയും കാക്കകളൊക്കെ വസിക്കുന്നതവിടെയാണ്. “കാക്ക” എന്നു കേട്ടാലേ അറപ്പുതോന്നും അല്ലേ.... വൈകുന്നേരങ്ങളില്‍ അവിടെ പോകണമെങ്കില്‍ കുട കൈയ്യില്‍ കരുതണം. അല്ലെങ്കില്‍ കാക്ക പണി തരും.വീടിന്‍റെ മേല്‍ക്കൂര, റോഡ് എന്നുവേണ്ട വാഴയില പോലും അവര്‍ മോടി പിടിപ്പിക്കും.പിന്നെ കാ .. കാ...എന്ന കലപില ശബ്ദവും, ആ നാട്ടുകാര്‍ എങ്ങിനെ ജീവിക്കുന്നോ എന്തോ....പിന്നെ അവിടെ താമസിക്കുന്നതില്‍ ഭൂരിപാകം പേരും കൊങ്ങിണി ഭാഷ സംസാരിക്കുന്നവരാണ്. ഹോളി ആഘോഷിക്കുന്ന അമ്പലം ഇവിടെയാണ്. ഈ സ്ഥലം പടിഞ്ഞാറെ തെരുവ് എന്നും, “കാക്കതെരുവ്” എന്നും അറിയപ്പെടുന്നു.കാക്കകള്‍ കൂട്ടമായി ചേക്കേറുന്നതുകൊണ്ടാവാം ഒരുപക്ഷേ ഈപേരു വന്നത്. ഇവിടത്തുകാര്‍ക്ക് “കാക്കതെരുവ്” എന്നുകേട്ടാല്‍ തന്നെ കലിയിളകും.

കോഴിമുട്ട മൊത്തമായി എടുത്ത് കടകളില്‍ കൊടുക്കുകയാണ് ഷാനുവിന്‍റെ ജോലി.

“ഷാനുക്കാ...ഞാനും വരട്ടെ ഞാനും വരട്ടേ....”
എന്നു ചോദിച്ചു സനുമോന്‍ പിന്നാലെ നടന്നപ്പൊള്‍ സഹായത്തിനൊരാളായല്ലൊ എന്നു കരുതി ഷാനു. എല്ലാ സഹായങ്ങള്‍ക്കും സനുമോന്‍ തയ്യാറാണ്.ഒരു ദിവസം നായുക്കുളത്തുകാട്ടിലെ ഒരു കടയില്‍ മുട്ട കൊടുത്തുകൊണ്ടിരിക്കുകയാണ് ഷാനു.സമയം 6 കഴിഞ്ഞതുകൊണ്ടാവാം കടയില്‍ നല്ല തിരക്കുണ്ട്. കാക്കകളുടെ കലപില ശബ്ദം കൂടിക്കൊണ്ടേയിരിക്കുന്നു. വണ്ടിയില്‍ ചാരി നിന്ന് കാക്കകളെയും ആളുകളെയും മാറി മാറി നോക്കി ഒരു ആക്കി ചിരിയോടെ നില്‍ക്കുകയാണ് സനുമോന്‍... കടയിലുള്ളവര്‍ ഒരു അപൂര്‍വ്വ കാഴ്ച് കാണുന്നതു പോലെ അവനെ നോക്കുന്നുണ്ട്. കാരണം അവന്‍റെ വേഷവും ഭാവവും തന്നെ...

“സുന്ദരിയേ വാ...വെണ്ണിലവേ വാ....”

സനുമോന്‍ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്തു,

“ഹലോ...ആര് ണ്....”

“ഹലൊ, ആ...കണ്ണനാണാ...എന്ത്യേടാ.....”

“ഞാനിട്ക്കെ...നീ തനിച്ച് പോ..ഞാനിപ്പോഴൊന്നും വരൂല....”

“ഞാനേ ഷാനുക്കാന്‍റെ കൂടെയാ....സെയില് കഴിഞ്ഞിട്ടേ വരൂ.....”

“ങ്ഹ് ...ഞാനോ.... ഞാനിപ്പ കാക്കാതെരുവിലാണ്ടെക്കെ......”

ങേ...ഷാനു തിരിഞ്ഞു നോക്കി

അപ്പോഴേക്കും നാട്ടുകാര്‍ അവനെ വളഞ്ഞു കഴിഞ്ഞു.....

പണികഴിഞ്ഞ് “രണ്ടെണ്ണം അടിച്ചിട്ട്” വന്നിട്ടുള്ള അവര്‍ അവനെ തെറിപ്പാട്ടു കൊണ്ട് മൂടി.

“നിന്നെ ഞങ്ങള് കുറച്ചു നേരമായെടാ നോട്ടമിട്ടിട്ട് .....”

ഓരോരുത്തരും ഡയലോഗുകള്‍ തുടങ്ങി

“ഇനിയെങ്ങാനും ആ പേരു പറഞ്ഞാല്‍ അടിച്ചു നിന്‍റെ അണപ്പല്ല് താഴെയിടുമെടാ......”

അവസാനം അവനെ തല്ലാതെ വിട്ടു....

ഷാനുവിനൊരു താക്കീതും “ഇനി ഇതുപോലുള്ള കോന്തന്മാരേം കൊണ്ടു വന്നാല്‍ നിനക്കും കിട്ടും....”

“ഈ സ്ഥലം അത്ര നല്ലതല്ല....പൊക്കോടാ....വേഗം......” മറ്റൊരുത്തന്‍റെ കമന്‍റ്

സനുമോനെ പിടിച്ച് വണ്ടിയില്‍ കയറ്റി പറ്റാവുന്ന സ്പീഡില്‍ അവിടെ നിന്നും പോന്നു. ഒരു സിഗരറ്റ് ചുണ്ടില്‍ തിരുകികൊണ്ട് ഷാനു ചോദിച്ചു

“നീ എന്തിനാടാ കാക്കാതെരുവ് എന്നു അവിടെ വച്ചു പറഞ്ഞത് ?”

“ഇല്ല ഷാനുക്കാ വെറുതെ.....”

“നിന്നോട് ഞന്‍ പറഞ്ഞിട്ടില്ലേ, മര്യാദക്കാണെങ്കില്‍ മാത്രം വന്നാ മതീന്ന്...”ഷാനു കയര്‍ത്തു.

“സനീറ് പറഞ്ഞേ.... അവിടെ ചെന്ന് കാക്കാതെരുവ് എന്നു പറഞ്ഞാല്‍ അടി കിട്ടും എന്ന്...ഒന്നു പരീക്ഷിച്ചു നോക്കീ താ......”