തിങ്കളാഴ്‌ച, മേയ് 30, 2011

ലാങ്കിപ്പൂവ്


      ഒരുപകല്‍ കൂടെ അവസാനിക്കാറായിരിക്കുന്നു, തെളിഞ്ഞ നീലയില്‍ കുങ്കുമം വാരി വിതറി സൂര്യന്‍ മറഞ്ഞിരിക്കുന്നു.  ഭക്ഷണം കഴിച്ചിട്ട് 2 നാളുകള്‍ പിന്നിട്ടിരിക്കുന്നു. വിറക്കുന്ന കാലുകള്‍ വേച്ച് വേച്ച് ലക്ഷ്യബോധമില്ലാത്തവനെ പോലെ ഞാനെന്റെ കൂര വിട്ടിറങ്ങി. പക്ഷികളെല്ലാം കൂട്ടില്‍ ചേക്കേറിയിരിക്കുന്നു, ഈ പാത ഇത്രയും വിജനമായി കണ്ടിട്ടേയില്ല. ഇളംകാറ്റ് എനിക്കരോചകമായി തോന്നി. ലാങ്കി പൂവിന്റെ മണം ശിരസ്സിലേക്കാഴ്ന്നിറങ്ങുന്നു.

     പ്രണയിനിയുമായി ഈ മരച്ചുവട്ടില്‍ പങ്കിട്ട നിമിഷങ്ങളെന്നിലൂടെ മിന്നല്‍ പോലെ കടന്നു പോയി. ഒരിക്കലും മറക്കാനാവാത്ത എത്രയോ സായാഹനങ്ങള്‍ ഇവിടെ ....  പ്രായമേറിയിരിക്കുന്നു ഇപ്പോള്‍ രണ്ടു പേര്‍ക്കും.

അതെ... ഇതവളുടെ സുഗന്ധമാണ്. അവളെന്നിലേക്കടുത്തു വരുന്നത് ഞാനറിയുന്നു. അവളെ എന്‍ കരവലയത്തിലാക്കാന്‍ കുതിച്ച എന്റെ കാല്‍ എവിടെയോ ഉടക്കി, ഭൂമിയെ ചുംബിച്ചുകൊണ്ട് ഞാനിതാ താഴെ കിടക്കുന്നു.

 പ്രയാസപ്പെട്ട് ഞാന്‍ മലര്‍ന്ന്കിടന്നു, നല്ല വേദനയുണ്ട്, കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നു....

    ലാങ്കിമരത്തെ അപ്പാടെ കുലുക്കി കാറ്റ് കടന്നു പോയി, ഞെട്ടറ്റ ഇരു പൂവ് എന്റെ നെറുകയിലേക്ക് വീണു,

അതെ, ഒരു പക്ഷേ ഇതവളുടെ കുസൃതികളിലൊന്നായിരിക്കാം.

ഞാന്‍ കണ്‍പോളകള്‍ പതിയെ തുറന്നു.

ചെറു പുഞ്ചിരിയുമായി എന്നിലേക്ക് കണ്ണുംനട്ടിരിക്കുന്ന എന്റെ ഭാര്യ ,

 “കൊറേ നേരമായല്ലോ ഉറക്കം തുടങ്ങിയിട്ട്.....

ദേ...  കണ്ടോ ലാങ്കി പൂവ്, മുറ്റത്ത് കിടന്ന് കിട്ടിയതാ"

 എന്തോ കൂപ്പണ്‍ എന്നും പറഞ്ഞ് കുറച്ച് പിള്ളേര്‍ വന്നിരുന്നു, അവര് കളഞ്ഞതായിരിക്കും

“ മതി മതി, ഉറങ്ങിയത്,  വാ, നമുക്ക് ലാങ്കിചോട്ടില്‍ പോകാം...കൊറേ നാളായില്ലേ നമ്മളവിടെ പോയിരുന്നിട്ട്, എണീക്ക്....പോകാന്നേ... "

" ആരെ സ്വപ്നം കണ്ട് കിടക്കാ ?"

എല്ലാം ഒരു ചിരിയിലവസാനിപ്പിച്ചുകൊണ്ട് ഞാനവളെ എന്റെ മാറിലേക്കടുപ്പിച്ചു
ലാങ്കി പൂവ്

ബുധനാഴ്‌ച, മേയ് 04, 2011

അലസത


കിനാവിന്റെ ചോര്‍ന്നൊലിച്ച നാലുകെട്ടിന്‍ കോണിലെവിടെയോ ഒരു മിന്നല്‍ പ്രവാഹം !!!

പതിവായി കേട്ടുകൊണ്ടിരുന്ന  കാതടപ്പിക്കുന്ന കാലൊച്ചകളിന്നെവിടെ ?

മനസ്സിന്റെയുള്ളില്‍ പെരുമ്പറ കൊട്ടിയിരുന്ന  ഭീകര സത്വങ്ങള്‍ ?

ഉറഞ്ഞുതുള്ളിയിരുന്ന മഴയുടെ ആര്‍ത്തനാദങ്ങളില്ല,

ജീര്‍ണ്ണിച്ച ജനല്‍ പാളി പതിയെ തുറന്നു ,

നരവീണ താടിരോമങ്ങള്‍ തഴുകിക്കൊണ്ട് പുറത്തേക്ക് നോക്കി,

ഉരുണ്ടുകൂടിയിരുന്ന കാര്‍മേഘങ്ങളിപ്പോഴില്ല,
എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

മഴയില്‍ കുതിര്‍ന്ന മണ്ണിന്‍ മണം സിരകളിലേക്ക് തുളച്ച് കയറി.

മഴയുടെ ശക്തിയാലോ, കാറ്റിന്റെ വേഗതയിലോ അടിപതറിയ മരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു

കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ജനലിലേക്കെന്റെ മുഖം ചേര്‍ത്ത് വച്ചു,

തെളിമയുള്ള നീലാകാശം നോക്കി നില്‍ക്കേ ,

ഭിത്തിയിലൂടെ ഒലിച്ചിറങ്ങിയ ഒരു മഴത്തുള്ളിയെന്‍ നെറുകയില്‍ വീണു ചിതറി,


ഊറിച്ചിരിച്ചുകൊണ്ട് ഞാനുറക്കെ പറഞ്ഞു.........

എന്തുകൊണ്ട്  ? എന്തുകൊണ്ട്  നീ ഈ മഴയറിയാതെപ്പോയി   ?