വ്യാഴാഴ്‌ച, മാർച്ച് 31, 2011

മാധവനൊരു ഫോണ്‍കോള്‍

 

  കഥ കേട്ടുകൊണ്ടിരുന്ന ശശിക്ക് അപ്പോള്‍ ഷുക്കൂറിന്റെ കഥ കേള്‍ക്കണം, (ഒന്നാം ഭാഗം ഇവിടെ )അതു പിന്നെ പറയാം എന്നും പറഞ്ഞ് ഞാന്‍ തല്‍ക്കാലം പിന്മാറി. അപ്പോഴേക്കും മത്തായി വന്നു.

“മത്തായീ, നീ കൊറേ തമിഴത്തികള്‍ക്ക് ലൌ ലെറ്ററ് കൊടുത്തതല്ലേ...” ഷുക്കൂറ് കെട്ടേഷന്‍ കൊടുത്തു.
“എന്നാടാ കുവ്വേ... വന്നപ്പളേക്കും ഒരു കൊട്ടേഷന്‍ ? ഞാന്‍ കൊറേ കൊടുത്തിട്ടുണ്ട്...നിനക്കെന്നാ വേണം ?” സിഗരറ്റിന്റെ അവസാന പുകയും ആസ്വദിച്ച് തള്ളി

“എന്നാ ഒരെണ്ണം പറയ്.. നമുക്ക് മത്സരത്തിനയക്കാമെടാ....സമ്മാനമുണ്ടെടാ...” ശശി അവനോട് പറഞ്ഞു.
“നീ ചുമ്മാ കളിക്കാതെ... എന്നാ കാര്യം പറ” മത്തായി ടിവിയില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

“ഇന്ന് ഡെറ്റ് എത്രയാ”

“ഫെബ്രുവരി 11”

“മൂന്ന് ദിവസം കൂടി കഴിഞ്ഞാലോ ?”

“ഫെബ്രുവരി 14 ആകും”

“ഡേയ്....അന്നാണു മത്സരം മനസ്സിലായോ മത്തായീ” ഞങ്ങള്‍ അട്ടഹസിച്ചു.

“മോനേ കുട്ടനാടന്‍ ശശീ... ഈ മത്തായോട് കളിവേണ്ട....ആദ്യം മീശ മുളക്കട്ടെ എന്നീട്ടാവാം പ്രേമം”

“മീശ വരാത്തേന് അവനെന്തു ചെയ്യാനാ...ശശീ ഇപ്പോ നിനക്ക് 27 വയസ്സല്ലേ ങ്ഹാ...43 വയസാകുമ്പോളേക്കും മുളച്ചു തുടങ്ങും” കിട്ടിയ ചാന്‍സില്‍ ഷുക്കൂറ് കയറി വെട്ടി.

ടി വി യില്‍ വീണ്ടും ആ പരസ്യം വന്നു.

“വാലന്റയന്‍സ് ഡേ യില്‍ നിങ്ങള്‍ക്ക് പ്രണയലേഖന മത്സരത്തില്‍ പങ്കെടുക്കാം, കാമുകനോ, കാമുകിക്കോ വേണ്ടി നിങ്ങള്‍ക്കെഴുതാം, നിങ്ങളുടെ കത്തുകള്‍ ഞങ്ങള്‍ ഇവിടെ വായിക്കുന്നതാണ്, ഏറ്റവും നല്ല കത്തിന് സമ്മാനം ഉണ്ട്. സമ്മാനഅത്തിനര്‍ഹനാവുന്ന ആളെ ഞങ്ങള്‍ ഫോണില്‍ വിളിക്കുന്നതായിരിക്കും. അതു കൊണ്ട് ഫോണ്‍ നമ്പര്‍ കൂടെ കത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത് ”.

“ഹ ഹ മാധവേട്ടന്‍ വന്നല്ലോ....നിന്റെ പ്രശ്നം ആളു തീര്‍ത്തു തരും”

   കപ്പടാ മീശയുള്ള അറുപതിനടുത്തു പ്രായം വരുന്ന കുടവയറന്‍,സ്വയം പുകഴ്ത്തല്‍ മാധവേട്ടന് ഒരു വീക്ക്നസ് ആണ്. പിന്നെ പോളീഷ് ചെയ്തെടുത്ത ഒന്നാന്തരം “പാര”... മാധവേട്ടന് ഇതിന്റെ ഒന്നും അഹങ്കാരമൊന്നുമില്ല കേട്ടോ...

“മാധവേട്ടാ... ഒരു സഹായം ചെയ്യോ? ഇവന് ലൌ ലെറ്റര്‍ എഴുതാന്‍ ഒന്ന് പറഞ്ഞു കൊടുക്ക്..” ശശി എന്നെ നോക്കി

“ആര്‍ക്കാ ഇപ്പോ ലെറ്ററ് എഴുതേണ്ടത്” മാധവേട്ടന്റെ ചോദ്യം

“ഒന്നൂല്ല്യയ്. വെറുതെ പറഞ്ഞതാണേ..”ഞാന്‍ രക്ഷപ്പെടാന്‍ നോക്കി

“ഓ... പ്രായം തോന്നുമെങ്കിലും ഞാനൊരു ലോലമനസ്ക്കനാണേ...ഞാന്‍ പറഞ്ഞുതരാം പക്ഷേ കാശുതരണം”

“വേണ്ട മാധവേട്ടോ.... ഞാനെഴുതിക്കോളാം.... അല്ലെങ്കില്‍ വേണ്ട.. എന്തിനാ വെറുതേ...”

 “നീ എഴുതിക്കോടാ സന്ദീപേ....പേടിയാണെങ്കില്‍ എന്റെ പേരു വെച്ചോ...എനിക്കു കുഴപ്പമൊന്നുമില്ല”

 “ഊം....പിന്നേയ്....എനിക്കെഴുതാമെങ്കില്‍ എന്റെ പേരു വെച്ചൂടേ...മാധവേട്ടാ..... ഹി ഹി ഹി...”

മാധവേട്ടന്റെ ഫോണ്‍ റിംഗ് ചെയ്തു, “ഇവനെക്കൊണ്ട് വല്യ ശല്യമായിടുണ്ട്

“ഹലോ..........യാ.... മാധവന്‍ സ്പീക്കിംഗ്...”

“യെസ്.....ടെല്‍മി...”

“നൊ.. നൊ....”സംസാരം നീണ്ടുപോയി

“ഹു?.......”മാധവേട്ടന്‍ പൊട്ടിതെറിച്ചു

“ജോബിന്‍....കല്ലി വല്ലി, ഐ വില്‍ ട്ടോക്ക് ഫോര്‍ മൈ കണ്ട്രി.....”

“ങേ ഹ്...” എന്തൊരു രാജ്യസ്നേഹം.... ഞങ്ങള്‍ മാധവേട്ടനെ നോക്കി

“നോ.....നോ.......ഫോര്‍ മൈ കമ്പനി” അപ്പോഴേക്കും മാധവേട്ടന്‍ തിരുത്തിക്കഴിഞ്ഞു.

ഹ ഹ ഹ ....ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു

അന്ന് രാത്രി തന്നെ കഷ്ടപ്പെട്ട് ഒരെണ്ണം എഴുതിയുണ്ടാക്കി ചാനലിലേക്ക്  അയച്ചു.പിന്നെ മാധവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞു
 “ലെറ്ററ് അയച്ചിട്ടുണ്ട്, മാധവേട്ടന്റെ പേരാ വെച്ചിരിക്കുന്നേ...”

“ഹ ഹ.. അപ്പോ ശരിക്കും പറഞ്ഞതായിരുന്നോ....”മാധവേട്ടന് സംശയം മാറിയില്ല.

“കാര്യമായിട്ട് പറഞ്ഞതാ, തെരഞ്ഞെടുത്താ അവര് വിളിക്കും കേട്ടോ..”

“എന്നാ പിന്നെ എന്താ എഴുതേക്കണേന്ന് കൂടെ പറഞ്ഞു താ”

“ശരിയാ...” ഞാനതിന്റെ ഒരു കോപ്പി കൊടുത്തു

“വായിച്ചു നോക്കിക്കോ...അവര് വല്ലതും ചോദിച്ചാ പറയേണ്ടതാ....”

   പിറ്റേന്ന് ഫെബ്രു:14,ഞങ്ങള്‍ റ്റിവികാണാനിരുന്നു ശശി, ഷുക്കൂറ്, മത്തായി എല്ലാവരും ഉണ്ട്

“വല്ലതും നടക്കോ?” ഷുക്കൂറ് ചോദിച്ചു.

“കൊച്ചന് എന്തോ കൊഴപ്പാ”ശശിയാണ് മറുപടി പറഞ്ഞത്

“നോക്കാം എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.....പറയാന്‍ പറ്റൂല്ലേ.....”    
സലിംകുമാറിന്റെ വാക്ക് ഞാന്‍ കടമെടുത്തു

പരിപാടി തുടങ്ങി, മൂന്ന് വി ജെ കളുമുണ്ട്...

“ഒരു പാട് കത്തുകള്‍ വന്നതിനാല്‍ തെരഞ്ഞടുത്ത കത്തുകളാണ് വായിക്കാന്‍ പോകുന്നത്. അതു കൊണ്ട് നിങ്ങളാണ് വിജയിയെ തീരുമാനിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കത്തിന് തീര്‍ച്ചയായും എസ് എം എസ് ചെയ്യണം”

അവര്‍ കത്തുകള്‍ വായിക്കാന്‍ തുടങ്ങി. വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ പ്രണയലേഖനം വായിച്ചു.മൂന്നാമത്തെ ലെറ്റര്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

 “കണ്ടോടാ ശശീ എന്റെ ലെറ്ററ്.....”

സിഗററ്റിന്റെ പുക പുറത്തേക്ക് തള്ളിക്കൊണ്ട് മത്തായി തുറിച്ചുനോക്കി

മുറിയില്‍ നിശബ്ദത,

“ഈ കത്തെഴുതിയത് അല്‍ എയ്നില്‍ നിന്നും സന്ദീപ് ” അവര്‍ അടുത്തകത്തെടുത്തു വായിക്കാന്‍ തുടങ്ങി

“ആഹാ...മാധവേട്ടന്‍ ഇപ്പോഴാണോ വരുന്നേ, നേരത്തേ വരണ്ടേ ആയിരുന്നു. ഇവന്റെ പ്രേമലേഖനം ചാനനില്‍ വായിച്ചു അല്ലേടാ മത്തായീ..”

ഹൂം...ഒന്ന് ഇരുത്തി മൂളി

എന്നാ,  സമ്മാനം വല്ലതും കിട്ടോ ? മാധവേട്ടന് ഉത്സാഹമായി

മാധവേട്ടന്റെ നമ്പറാ ഞാന്‍ കൊടുത്തിരിക്കുന്നേട്ടോ

“നീ ഒന്നുകൊണ്ടും പേടിക്കണ്ട, വിളിച്ചാല്‍ ഞാന്‍ നോക്കിക്കോളാം”

ഹ്മ്, അതുമതി

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാധവേട്ടന്‍ തിരക്കിട്ട് കാറില്‍ കയറുന്നു

എങ്ങോട്ടാ ?

ഓ.... എന്നാ പറയാനാന്നേ... സൈറ്റില്‍ കണ്‍സള്‍ട്ടന്റ് വരുന്നുണ്ട്, അവരെ കാണണം.
മാധവേട്ടന്‍ നേരെ ദുബായിലോട്ട് വച്ചു പിടിച്ചു.ശശി ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടില്‍ എടുത്ത് അണ്ണാക്കിലോട്ട് കമഴ്ത്തി, “ഈ വെള്ളത്തിനെന്താ പാലിന്റെ ടേസ്റ്റ് ? “ അപ്പോളേക്കും കുപ്പിയുടെ മൂട് കണ്ട് തുടങ്ങിയിരുന്നു.

പച്ച പാലിന് പിന്നെ പാവക്കാജൂസ്സിന്റെ ടേസ്റ്റ് ആണോടാ ?

ഷുക്കൂറിന് എങ്ങിനെ ദേഷ്യം വരാതിരിക്കും ? ശശി പാല് കുടിച്ചാല്‍ ഷുക്കൂറിന്റെ വണ്ണം കൂടില്ലല്ലോ

ഏകദേശം 2 മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും, ശശിയുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി,

“ ഡാ..... കൊച്ച് ഉറക്കത്തീന്നെണീറ്റ് കരയുന്നെടാ....പോയി നോക്ക് “  ഞാന്‍ അവനെ തള്ളി വിട്ടു.

“എത്തിപ്പോയെടാ....മാധവേട്ടനാ.....”

ആണോ ....എന്നാ  എടുക്ക്

ഹലോ ...കൈരളി ടി.വി അല്ലേ ?

ഗുഡ് ഈവനിംഗ്, കൈരളി ടി.വി...ആരാണ് ?


കൈരളി ടി വി ?  ഉറക്കത്തില്‍ നിന്നെണീറ്റ മത്തായിക്ക് ഒന്നും മനസ്സിലായില്ല
മിണ്ടരുതെന്ന് ഞാന്‍ ആഗ്യം കാട്ടി

ഞാന്‍ സന്ദീപ് ആണ്, കുറച്ചു നേരത്തേ നിങ്ങളെന്നെ വിളിച്ചിരുന്നു, ലൌ ലെറ്റര്‍ കോണ്ടസ്റ്റ് .....

ഓക്കെ..ഓക്കെ..മനസ്സിലായി, പറയൂ..

ആ...പിന്നെ....ഇപ്പോള്‍ വന്നാല്‍ സമ്മാനം കൊണ്ടുപോകാന്‍ പറ്റോ ?

അതിനെന്താ, വന്നോളൂ...തിരിച്ചറിയുന്നതിനായി ലേബര്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ കൊണ്ടു വരണം

ഓക്കെ...ഞാനിപ്പോത്തന്നെ വരാം. ദുബായിലുണ്ട് ഞാന്‍.

“ ആണോ .... ? എന്നാലേ...മാധവേട്ടാ..ഇങ്ങോട്ട് പോര്...”

എങ്ങോട്ട് ? മ്..മ്.. മാധവനോ ?

“ ആ..ഹ്... തിരിച്ച് ഇങ്ങോട്ട് പോന്നേക്ക്, ഇത് ശശിയാ ....നേരത്തേ വിളിച്ചതും ഞങ്ങള്‍ തന്നെയാ....സമ്മാനം ഇവിടെ വരുമ്പോള്‍ തരാം ”

എല്ലാം മനസ്സിലായി......മത്തായി അടുത്ത സിഗററ്റിന് തീ കൊളുത്തി.

2 അഭിപ്രായങ്ങൾ:

സന്ദീപ് കളപ്പുരയ്ക്കല്‍ പറഞ്ഞു...

“നീ എഴുതിക്കോടാ സന്ദീപേ....പേടിയാണെങ്കില്‍ എന്റെ പേരു വെച്ചോ...എനിക്കു കുഴപ്പമൊന്നുമില്ല”

sreejith പറഞ്ഞു...

Good one