ശനിയാഴ്‌ച, ജൂലൈ 02, 2011

ഒരു ലൈന്‍ വലിച്ച കഥ


ഉച്ചയുറക്കത്തില്‍നിന്നെണീറ്റപ്പോള്‍ തോന്നി ഒരു സിഗററ്റ് വലിക്കാമെന്ന് , വീട്ടിലിരുന്ന് വലിച്ച് അവരെക്കൂടി അറിയിക്കണ്ട എന്ന് വെച്ച് ബൈക്കില്‍ കയറി നേരെ ഉണ്ണിച്ചേട്ടന്റെ കടയിലോട്ട്.
ഉണ്ണിച്ചേട്ടാ, നമസ്ക്കാരം..

ഹാ..വന്നല്ലോ, എല്ലാരും ആ ഷെഡ്ഡില്‍ ഉണ്ട്.

ഇന്ന് ശനിയാഴ്ചയല്ലേ പിന്നെന്താ , ഇവര്‍ക്ക് വേലേം കൂലീം ഒന്നൂല്ല്യേ ?

കുഞ്ഞന്മാരാ...ഷാനും ടീമൊന്നും വന്നിട്ടില്ല

ഒരു ഗോള്‍ഡ് തന്നേ....

അല്ല, നീയെന്താ ഇന്ന് പോയില്ലേ ?

മാസത്തില്‍ ഒരു ലീവ് എടുക്കണമെന്നത് കമ്പനി നിയമമാണ്, അത് ഇന്ന് എടുക്കാമെന്ന് വെച്ചു !!

ഹെയ്, ഇതന്നെല്ലേ മിനിഞ്ഞാന്നും പറഞ്ഞത് ?

ഹോ...ഈ ഉണ്ണിചേട്ടന്റെ ഒരു കാര്യം, ആരൊക്കെയുണ്ടെന്ന് നോക്കട്ടെ,    സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണം ചുറ്റിയ സിഗററ്റില്‍ തീകൊളുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു

എന്തൂട്ടാടാ പരിപാടികള്‍ ? കളിക്കാന്‍ പോകാണോ ?

ഹേയ്.. ഇന്ന് കളിയൊന്നുമില്ല. വെറുതേ ഇരുന്നതാ

ഓസിക്കുട്ടാ....സുഖല്ലേ ?

ഹും, ഒരു മൂളല്‍ മാത്രം

ഞാന്‍ പുറത്തേക്ക്  തള്ളുന്ന ഓരോ പുകയും കൌതുകത്തോടെ നോക്കിയിരിക്കുകയാണവന്‍,
ചേട്ടന്‍ എങ്ങോട്ടാ ?

ഞാന്‍ ചുമ്മാ വന്നതാ, വേറെ ആരും വന്നില്ലേ ?

മൊട്ടക്ക വന്നിരുന്നു, പള്ളീല് പോയിട്ട് വരാന്നും പറഞ്ഞു പോയി.

ദേ നിക്കണ്, ഇതല്ലേ മൊട്ടക്ക.

ഡാ...ഓസീ.....മൊട്ടക്കയുടെ ആക്രോശം

ഹും, അപ്പോളേക്കും എത്തിയല്ലോ...

ഗോള്‍ഡിന്റെ കമ്പനിപടി എത്തുന്നതും നോക്കി ഇരിക്കുന്നത് കണ്ടില്ലേ, ഓസീ ഒരെണ്ണം മുഴുവനായി നീ വലിച്ചിട്ടുണ്ടോടാ?

പിന്നേ...എനിക്ക് 2 പൊക മതി. അതിനുവേണ്ടി രണ്ടു രൂപ ചെലവാക്കണോ ?

ഒരു ഹോണ്ട ആക്ടീവ ചീറിപാഞ്ഞു വരുന്നു, ഞങ്ങളുടെ അടുത്തായി നിറുത്തി,

ആര് ഇത് ? ബെല്‍ ബേബിയോ ?

എങ്ങോട്ടാ ബെല്‍ ബേബീ ? സെന്ററിലോട്ടാണോ ? എന്നാല്‍ ഞാനുമുണ്ട്.

എന്നാ കേറിക്കോ..

ഞാന്‍ ആ വണ്ടിയുടെ പിന്നില്‍ കയറികൂടി

സൂപ്പറ് വണ്ടിയാണല്ലോടേയ്....

സെന്ററില്‍ എത്താറായപ്പോള്‍ ഞാന്‍ ചോദിച്ചു “ എന്താ പരിപാടി ഇവിടെ ?”

എനിക്കൊന്നുമില്ല, ചേട്ടനല്ലേ പറഞ്ഞേ എന്തോ കാര്യമുണ്ടെന്ന്

ഹും...ഞാന്‍ വെറുതേ പറഞ്ഞതല്ലേ, നീയെന്തോ കാര്യത്തിനു പോകാണെന്ന് കരുതി. എന്നാ വണ്ടി തിരിച്ചോ, പോരുമ്പോള്‍ ഒരു പങ്കിളി നടന്നു പോകുന്നത് കണ്ടിരുന്നു.

ബെല്‍ ബേബീ...ആരാണാവോ ആ പോണത് ? കൊള്ളാമല്ലോ.

ഉം....മൂളല്‍ മാത്രം

പതുക്കെ പോയാമതി ട്ടാ...

ഉം....മൂളലിന്റെ ബാക്കിയുള്ളതു കൂടെ പുറത്ത് വിട്ടു

താഴോട്ട് നോക്കിക്കൊണ്ടാണ് ആ തരുണീമണി നടക്കുന്നത്, ഊരു പക്ഷേ സൂര്യപ്രകാശം മുഖത്തേക്കടിക്കുന്നതു കൊണ്ടായിരിക്കാം, ഞങ്ങള്‍ അടുത്തെത്തിയതും, അവര്‍ മുഖമുയര്‍ത്തി നോക്കി

ഹാ....ഇഷ്ടപ്പെട്ടു മോനേ....

ഒരു ലൈന്‍ വലിക്കാന്‍ ചാന്‍സ് നോക്കിയിരുന്ന എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമായി , പെട്ടെന്ന് വണ്ടി അടുത്ത് വന്നതിന്റെ ആഘാതത്തിലാണ് മുഖമുയര്‍ത്തിയതെങ്കിലും ഞാന്‍ കരുതി എന്നെ നോക്കിയതായിരിക്കുമെന്ന്. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഞാന്‍ വണ്ടിയുടെ പിന്നില്‍ ഇരുന്നു, ഞങ്ങള്‍ വാസസ്ഥലത്തേക്ക് തിരിച്ചെത്തി, ഷെഡ്ഡില്‍ കയറിയിരുന്നു,

മൊട്ടക്കാ....ഒരു പീസ് വരുന്നുണ്ടെടാ.....ഇന്ന് വല്ലതും നടക്കും, 5 മിനിറ്റ് നോക്കട്ടെ ,എന്നിട്ടു കണ്ടില്ലെങ്കില്‍ തെക്കോട്ടുള്ള വഴിപോയിട്ടുണ്ടാകും, നോക്കട്ടെ,

ഒന്നു പോടാ....അത് ഒന്നും ഈ വഴി വരാന്‍ പോകുന്നില്ല എന്ന് മൊട്ടക്ക പറഞ്ഞു

അളിയാ...ദേ വരണ്ണ്ട് ട്ടാ....നോക്കേ, ഇവിടെയിരുന്ന് കണകുണ പറയരുത്, ഒരു ലൈന്‍ ഒപ്പിക്കാന്‍ പറ്റോന്ന് നോക്കട്ടെ....കണ്ണിമ വെട്ടാതെ ഞാനാ സൌന്ദര്യത്തെ നോക്കിയിരുന്നു.
നടക്കുന്നതിന്നിടയിലും അവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.... നെഞ്ചില്‍ നിന്നൊരു കിളി പറന്ന് അവരുടെ പിന്നാലെ കൂടി

ആരെങ്കിലും വാടാ എന്റെ കൂടെ...ബൈക്ക് എടുത്തോളൂ.....

ആര്‍ക്കും താല്‍പ്പര്യമില്ല, അടികിട്ടുമോ എന്ന പേടി കാരണമായിരിക്കാം. ദാ വരുന്നു “കൊച്ച" പുതിയ ബൈക്ക് കിട്ടിയ സന്തോഷത്തിലാണ് അണ്ണന്‍. ബൈക്ക് നിറുത്തിയപാടെ ഞാന്‍ അതില്‍ ചാടികയറി.
കൊച്ചേ...വണ്ടി എടുക്ക്

എങ്ങോട്ട് ?

നേരെ വിട്ടോ..ഒരു കിളി അങ്ങോട്ട് പോയിട്ടുണ്ട്.

ആഹ്...

കിളി എന്ന് കേട്ടതും കൊച്ച വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, ഷര്‍ട്ട് പിന്നിലോട്ട് വലിച്ച് സ്റ്റെല്‍ ആയി വണ്ടി മുന്നോട്ടെടുത്തു

ദാ...പോണൂ..... അവിടെ എത്തുമ്പോള്‍ സ്ലോ ആക്കണം ട്ടോ, എന്തെങ്കിലും ചോദിക്കണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു.
ഓക്കെ ഡാ.....

കൊച്ചേ... പതിയെ പോടാ....

കൊച്ചയുടെ കാലുകള്‍ വിറക്കുന്നതിനാല്‍ ബ്രേക്കില്‍ ചവിട്ടുന്നില്ല, എന്നതായിരുന്നു സത്യം. എന്നാലും അവന്‍ സ്പീഡ് കുറച്ചു, ഞങ്ങള്‍ അവരുടെ അടുത്തെത്തി, ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി ഒരു ഹായ് പറയാനൊരുങ്ങി, അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്.

"കൊച്ചേ വിട്ടോടാ....സ്പീഡില്‍ വിട്ടോ..."

ആക്സിലേറ്ററില്‍ അവന്റെ കൈ മുറുകി.

എന്താടാ.... എന്തു പറ്റി ?

"ഇനിയെന്തു പറ്റാനാ.... പണ്ടാരം, ഹെഡ് ലൈറ്റ് തെളിഞ്ഞിട്ടുണ്ടെടാ..."

ഹാന്‍ഡിലില്‍ നോക്കുന്ന കൊച്ചയോട് പറഞ്ഞു “വണ്ടീടെ അല്ലടാ...അവളുടെ നെറ്റത്ത്“

ഹ...ഹ...ഹ...ഹ... കൊച്ച ആര്‍ത്തു ചിരിച്ചു. കിട്ടിയ സ്പീഡില്‍ ഞങ്ങള്‍ തിരിച്ചു വന്നു. അമളി പറ്റിയത് ആരോടും പറയണ്ട ട്ടോ....വൈകീട്ട് കപ്പേം ബോട്ടീം എന്റെ വക...

ഞങ്ങളെ കണ്ടതും ഷെഡ്ഡിലുള്ളവരെല്ലാവരും ഒരു കൂട്ടച്ചിരി പാസാക്കി,

എന്തിനാവോ ഞങ്ങളെ നോക്കി ചിരിക്കുന്നത് ?

ഹ..ഹ..ഹ..ഹ.. പിന്നേയും ചിരി,

എന്താടേ...കാര്യം പറ , കൊണ്ടതും കിട്ടിയതും , ചിരിയും എല്ലാം കൂടെ എനിക്കെന്തോക്കെയോ പോലെ തോന്നി.

ഉണ്ണിച്ചേട്ടാ...ഒരു ഗോള്‍ഡ് കൂടെ....

പിന്നേയും ചിരി, ഇത് ഉണ്ണിച്ചേട്ടന്റെ വക, ആവേശത്തൊടെ ഗോള്‍ഡ് കത്തിച്ചു , ഷെഡ്ഡിലോട്ട് നടന്നു
എന്തായി പോയ കാര്യം ? മൊട്ടക്കയാണ് ചോദിച്ചത്

വല്ല്യ ഭംഗിയില്ലാന്നേ...എനിക്കിഷ്ടമായില്ല..

ഹും..നന്നായി ഇല്ലെങ്കില്‍ അനീഷ് നിന്നെ നന്നാക്കിയെടുക്കും

ആരാ ഈ അനീഷ് ?

“അവളുടെ ഭര്‍ത്താവ് “

ഞാന്‍ അവൈടെ ഇരുന്നു പോയി, ഇനിയെങ്ങിനെ ഇവിടെ ജീവിക്കും എല്ലാം പോയല്ലോ.......
ബെല്‍ ബേബി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു :

 "സന്ദീപേട്ടാ, അത് എന്റെ ടീച്ചറായിരുന്നു"

"ഹോ.... ഈശ്വരാ..... ഈ പെണ്ണ് എന്റെ മുതുകിലൂടാണല്ലോ ചവിട്ടികയറി പോയത്"




എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയ ഉണ്ണിച്ചേട്ടന്റെ ഓര്‍മക്കായ് ഇത് സമര്‍പ്പിക്കുന്നു


5 അഭിപ്രായങ്ങൾ:

Sandeepkalapurakkal പറഞ്ഞു...

ഗോള്‍ഡിന്റെ കമ്പനിപടി എത്തുന്നതും നോക്കി ഇരിക്കുന്നത് കണ്ടില്ലേ, ഓസീ ഒരെണ്ണം മുഴുവനായി നീ വലിച്ചിട്ടുണ്ടോടാ?

പ്രിജേഷ്/Preejee പറഞ്ഞു...

അനീഷിന്റെന്ന് അന്നുകിട്ടാത്തതിന്റെയാ... :)

നന്നായിട്ടുണ്ട് സന്ദീപ്.. നാട്ടിലെ ഓർമകളിലേക്ക് പോയി അല്പനേരത്തേക്ക്...

- സോണി - പറഞ്ഞു...

കുസൃതികള്‍, വികൃതികള്‍, അമളികള്‍... കൊള്ളാം. ഒരുകാലത്ത് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഇതൊക്കെയേ കാണൂ.

എന്നാലും സമര്‍പ്പണം ആ പാവം ഉണ്ണിച്ചേട്ടന്റെ ഓര്‍മ്മയ്ക്ക് വേണ്ടായിരുന്നു.

Naushu പറഞ്ഞു...

കൊള്ളാം മാഷേ... നന്നായിട്ടുണ്ട്...

Shibin പറഞ്ഞു...

idhu kollaam... kalakki....